കോരുവേട്ടൻ: ചായ ജീവിതത്തിലെ 50 വർഷം

2699

ഇത് ചക്കാലക്കൽ കോരുവേട്ടൻ.

തന്റെ ചായ ജീവിതത്തിന്റെ ഗോൾഡൻ ജൂബിലി നിറവിൽ നിൽക്കുന്നു.നീണ്ട അമ്പത്‌ വർഷക്കാലം ചായയും പൊരികടികളും നൽകി കടുങ്ങാത്തുകുണ്ടിന്റെ ഹൃദയഭാഗമാകാൻ കഴിഞ്ഞതിന്റെ നിർവ്വൃതിയിൽ യുവത്വത്തിന്റെ അതേ പ്രസരിപ്പോടെ ഇന്നും ചായക്കടയിലെ നിറസാന്നിദ്ധ്യമാകുന്നു എല്ലാവരുടെയും പ്രിയപ്പെട്ട ഈ നാടിന്റെ സ്വന്തം കോരുവേട്ടൻ.

ചായക്കായി ഒരു ജന്മം, സ്വാദിഷ്ടമായ ചായയും പൊരികടികളും, തന്റെ വ്യക്തി മുദ്രയായ നിറപുഞ്ചിരി, മിതമായ പതിഞ്ഞ സംസാരം, ചായ ജീവിതത്തിൽ നേടിയെടുത്ത സമൂഹത്തിലെ എല്ലാ തുറകളിൽപെട്ടവരുമായുള്ള സുഹൃത്ബന്ധം, ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതയും അർപ്പണമനോഭാവവും, സ്നേഹവും ദയയും കാരുണ്യവുമുള്ള മനസിനുടമ, ഇതൊക്കെയാണു നമ്മുടെ കോരുവേട്ടൻ.

കടുങ്ങാത്തുകുണ്ടിൽ വന്നവർ,

ഈ നാടുമായി ബന്ധമുള്ളവർ, നാട്ടുകാർ, ഒരിക്കലെങ്കിലും കോരുവേട്ടന്റെ ചായയുടെ ടേയ്സ്റ്റ്‌‌ അനുഭവിക്കാത്തവരുണ്ടാകില്ല. ഇവിടുത്തെ ചൂടുള്ള ഉണ്ടപ്പൊരിയും പഴംപൊരിയും നെയ്യപ്പവും പരിപ്പ്‌ വടയും കഴിക്കാത്തവരുണ്ടാകില്ല. കടയുടെ മുന്നിൽ വെച്ചിരിക്കുന്ന ചില്ലലമാരയിലെ പലഹാരങ്ങൾ ആരെയാണു മാടിവിളിക്കാതിരുന്നിട്ടുള്ളത്‌.

കോരുവേട്ടന്റെ കണ്മുന്നിൽകൂടിയാണു കടുങ്ങാത്തുകുണ്ട്‌ വളർന്നത്‌, പുരോഗതി പ്രാപിച്ചത്‌, ഇന്ന് കാണുന്ന രീതിയിൽ അവിശ്വസനീയമായി രീതിയിൽ മാറ്റം ഉണ്ടായത്‌. കോരുവേട്ടന്റെ ചായക്കട ആദ്യം കൽപകഞ്ചേരി ഗവ:ഹൈസ്കൂളിന്റെ മുന്നിലായിരുന്നു. അന്ന് സ്കൂൾ ഒറ്റകെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്‌,ഗവ ആശുപത്രി അന്നില്ലായിരുന്നു, കട തുടങ്ങി കുറച്ച്‌ കഴിഞ്ഞതിനുശേഷമാണു ആശുപത്രി വന്നത്‌. അധ്യാപകർക്കും ഡോക്ടർമാർക്കുമുള്ള ചായ കൊടുത്തിരുന്നത്‌ കോരുവേട്ടനായിരുന്നു.

ഇന്ന് സമൂഹത്തിലെ ഉയർന്ന നിലയിലെത്തിയ പലരും ഈ കടയിലെ നിത്യ സന്ദർശകരായിരുന്നു എന്ന് അഭിമാനത്തോടെയോർക്കുന്നു ഇദ്ദേഹം.ഡോ :ആസാദ്‌ മൂപ്പൻ,അബ്ദുറഹിമാൻ രണ്ടത്താണി എം.എൽ എ, കുറുക്കോളി മുയ്തീൻ, എ.പി  ആസാദ്‌ തുടങ്ങിയവെരെല്ലാവരും പഠനകാലത്ത്‌ വിശപ്പടക്കിയിരുന്നത്‌ ഇവിടുത്തെ ഉണ്ടപ്പൊരികഴിച്ചായിരുന്നു. അന്നത്തെ ഇന്റർവ്വെൽ സമയത്തെ കുട്ടികളുടെ തിരക്ക്‌ ഇദ്ദേഹത്തിനു മായാത്ത ഓർമ്മകളാണു. പത്തിരുപത്‌ മിനിറ്റ്കൊണ്ട്‌ നിറഞ്ഞിരിക്കുന്ന അലമാര കാലിയാകുമായിരുന്നു. പൈസ കുറേ കിട്ടും കുറേ കിട്ടാതെ പോകും എന്നാലും ഇദ്ദേഹം യാതൊരു പരിഭവവും കാണിച്ചിരുന്നില്ല.അ ല്ലെങ്കിലും ദേഷ്യപ്പെടുന്നത്‌ കാണാനുള്ള സന്ദർഭം സദാ സൗമ്യ ശീലനായിരുന്ന ഇദ്ദേഹമുണ്ടാക്കിട്ടില്ലല്ലോ.

ഇന്ന് കടുങ്ങാത്തുകുണ്ട്‌ ടൗണിൽ പാറമ്മൽ റോട്ടിലാണു ഈ കട.അങ്ങാടിക്ക്‌ കാലോചിതമായ  മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഈ കടക്ക്‌ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല എന്നത്‌ പഴമ നിലനിർത്താനുള്ള കാലത്തിന്റെ ശ്രമ ഫലമാവാം. ഇന്ന് എല്ലാ മേഖലയിലും ബംഗാളികളുടെ തള്ളികയറ്റമായത്കൊണ്ട്‌ ഇപ്പോൾ ഇവിടേയും ബംഗാളികളുടെ തിക്കും തിരക്കുമാണു. കോരുവേട്ടന്റെ സഹായികളായി നിഴൽപോലെ  മക്കളായ സുരേന്ദ്രൻ എന്ന ബാബുവും ജിനീഷ്‌ എന്ന മോനും കൂടെയുണ്ട്.

ഇരുപതാം വയസ്സിൽ തുടങ്ങിയ തന്റെ പ്രയാണം ഈ‌ എഴുപതാം വയസ്സിലുംകോരുവേട്ടൻ തുടരുകയാണു, യുവത്വത്തിന്റെ കരുത്തോടെ, ഒരു നാടിന്റെ സ്നേഹവായ്പോടെ,നാട്ടുകാരുടെ ആശീർവാദത്തോടെ.

തന്റെ ചായ ജീവിതത്തിന്റെ അമ്പത്‌ വർഷം വിജയകരമായി, വിസ്മയകരമായി പൂർത്തിയാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട കോരുവേട്ടനു നാടിന്റെ ആദരം. ഇനിയും ഇതേ ഊർജ്ജസ്വലതയോടെ ഇതേ രുചിയിൽ മനമറിഞ്ഞ്‌ ചായയും പലഹാരങ്ങളും ഉണ്ടാക്കി കൊടുക്കുവാനുള്ള സൗഭാഗ്യം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഫേസ്ബുക്കിലൂടെ ഷെയർ ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യൂ.

നാട്ടുവർത്തമാനങ്ങളും വിശേഷങ്ങളുമായി സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമായ ഫൈസൽ പറവന്നൂർ 'മാതൃഭൂമി' റിപ്പോർട്ടറാണ്.