വീടുപണി: ചെലവുകള്‍ കുറയ്ക്കാം

3802

നല്ലൊരു വീട് ഏതൊരു കുടുംബത്തിന്റേയും സ്വപ്‌നമാണ്. നിര്‍മാണസാമഗ്രികളുടെ ക്രമാതീതമായ വിലവര്‍ധന പലരുടെയും സ്വപ്‌നത്തിന് വിലങ്ങുതടിയായിക്കഴിഞ്ഞു. ഒരു സാധാരണക്കാരന്റെ ആയുഷ്‌ക്കാല സമ്ബാദ്യമുപയോഗിച്ച്‌ ഇന്നൊരു വീട് പണിയാനാകാത്ത അവസ്ഥയാണ്. കൃത്യമായ പ്ലാനിങില്ലാതെയുള്ള പ്രവര്‍ത്തനങ്ങളാണ് പലപ്പോഴും വീട് നിര്‍മാണ ചെലവ് കുത്തനെ ഉയര്‍ത്തുന്നത്. അനാവശ്യ ചെലവുകള്‍ക്കു പിന്നാലെ പോയാല്‍ വീടുപണി തീരുംമുമ്ബെ വീട്ടുകാരന്റെ പണി തീരും. കേരളത്തിലെ പലരും വീടെടുത്ത് കടബാധ്യത വന്നവരാണ്. അനാവശ്യ ചെലവുകള്‍ കുറച്ചില്ലെങ്കില്‍ വീടുപണിക്ക് ഉദ്ദേശിച്ചതിന്റെ ഇരട്ടിത്തുക ചെലവാകും. ഇപ്പോള്‍ ലോ ബജറ്റ് വീടുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. വീടു നിര്‍മാണത്തില്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ നല്ലൊരു തുക നമുക്ക് ലാഭിക്കാം. വീട് പ്രൗഢിക്കും ഭംഗിക്കും വേണ്ടി മാത്രമാകരുത്. നന്നായി ആലോചിച്ചെടുക്കേണ്ട തീരുമാനം കൂടിയാണ് വീട് നിര്‍മാണം.

അയല്‍ക്കാരന്റേയോ സുഹൃത്തിന്റേയോ വീട് കണ്ടായിരിക്കും പലരും വീടിന്റെ പ്ലാന്‍ തിരഞ്ഞെടുക്കുന്നത്. പകരം വീട്ടുകാരുടെ എണ്ണവും ആവശ്യവും പരിഗണിച്ച്‌ സ്വന്തമായിത്തന്നെ പ്ലാന്‍ തയാറാക്കണം. പ്ലാനിനെക്കുറിച്ച്‌ നല്ല ധാരണ കിട്ടിയാല്‍ മാത്രം ഒരു എന്‍ജിനീയറെ സമീപിക്കുന്നതാണ് നല്ലത്. ധാരാളം മുറികളുള്ള വലിയ വീടിനേക്കാള്‍ നല്ലത് വൃത്തിയാക്കാന്‍ എളുപ്പമുള്ള ചെറിയ വീടാണ്. സാമ്ബത്തിക ഭദ്രത തകരുമ്ബോള്‍ വലിയ വീടും വീടിന്റെ സംരക്ഷണ ചെലവുകളും ഒരു ബാധ്യതയായി തീരുമെന്ന് മറക്കരുത്. കൂടുതല്‍ മുറികളുള്ള വീട് ചെലവ് കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. ധാരാളം കാറ്റും വെളിച്ചവും കിട്ടുന്ന പരന്ന ഭൂമിയാണ് വീടു പണിയാനുചിതം. എന്നുകരുതി നാഷണല്‍ ഹൈവേയുടെ ഓരങ്ങളില്‍തന്നെ വീട് വേണമെന്ന് വാശിപിടിക്കുന്നത് നന്നല്ല. ഇത് ഭൂമിയുടെ വിലക്കൂടുതലിനും ശബ്ദകോലാഹലങ്ങള്‍ക്കും കാരണമാകും. ഹൈവേകളില്‍ നിന്ന് അല്‍പമകന്ന് വീടെടുക്കുന്നതാണ് ഉചിതം. ഫാക്ടറികള്‍, വിദ്യാലയങ്ങള്‍, കമ്ബോളങ്ങള്‍ എന്നിവയ്ക്കരികില്‍ വീട് നിര്‍മിക്കാതിരിക്കുന്നതാണ് നല്ലത്. മണ്ണിന്റെ ഉറപ്പും ഒരു മുഖ്യ വിഷയമാണ്. ചെറിയ വിലയ്ക്കു ലഭിക്കുന്ന ചതുപ്പുനിലങ്ങളില്‍ വീട് പണിയാന്‍ ശ്രമിച്ചാല്‍ ഫൗണ്ടേഷനു തന്നെ നല്ലൊരു തുക ചെലവാകും. ഇന്നത്തെ വീട് കൃത്യമായ ആകൃതിയില്ലാതെയാണ് പണിയുന്നത്. കാണാന്‍ ഭംഗിയുണ്ടെന്നതിന്റെ പേരില്‍ നല്ലൊരു തുക തന്നെ വെറുതേ കളയേണ്ടി വരും.

വീടിനുള്ളിലെ പല സ്ഥലങ്ങളും ഉപയോഗശൂന്യമായി തീര്‍ന്നേക്കും. വൃത്താകൃതിയിലും ഷഡ്ഭുജാകൃതിയിലും വീട് നിര്‍മിക്കുന്നതിനേക്കാള്‍ നല്ലത് സമചതുരാകൃതിയിലുള്ള വീടാണ്. വീടു പണിക്ക് ചെലവാകുന്ന തുകയുടെ ശതമാനം മനസ്സിലാക്കുന്നത് വീട് നിര്‍മാണത്തെക്കുറിച്ച്‌ ചെറിയൊരു ധാരണ ലഭിക്കാന്‍ സഹായിക്കും. ആകെ തുകയുടെ ശതമാനമാണിത്. ഈ ശതമാനത്തില്‍ ചെലവ് നിര്‍ത്തുന്നതായിരിക്കും ലാഭകരം. ഫൗണ്ടേഷന് ഇരുപത് ശതമാനം. ചുവര്‍, വാതില്‍, ജനല്‍, കട്ടിള എന്നിവക്ക് നാല്‍പ്പത് ശതമാനം. മേല്‍ക്കൂര ഇരുപത് ശതമാനം. വയറിങ്, പ്ലംബിങ്, പെയിന്റിങ്, ഫ്‌ളോറിങ് തുടങ്ങിയ മിനുക്കുപണികള്‍ക്ക് ഇരുപത് ശതമാനം. വീട് നിര്‍മാണഘട്ടത്തിലെ നിസ്സാരമായ പല ജോലിക്കും തൊഴിലാളികളെ വയ്ക്കുന്നതിനേക്കാള്‍ ഉചിതം നിങ്ങള്‍ തന്നെ ചെയ്യുന്നതാണ്. ജോലിക്കാരാണെങ്കില്‍ ഇതിനായി ഒഴിവുസമയം കണ്ടെത്താം. നിങ്ങള്‍ നിര്‍മിക്കുന്ന വീടുമായി ആത്മബന്ധമുണ്ടാക്കാനും നിര്‍മാണത്തിലെ പോരായ്മകള്‍ കണ്ടെത്താനും ഇതിലൂടെ സാധ്യമാകും. വേണ്ടയിടത്ത് മാത്രം ഗ്ലാസ് ഘടിപ്പിക്കുക. പര്‍ഗോളക്കു മുകളിലും കോര്‍ട്ട് യാര്‍ഡിനു ചുറ്റും ഗ്ലാസ്

ഘടിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. പാഴ്‌ച്ചെലവ് കൂട്ടുന്നതാണ് ഈ മാര്‍ഗങ്ങള്‍. പാശ്ചാത്യ രാജ്യത്തെ കാലാവസ്ഥയ്ക്ക് ഉചിതമായതാണ് ഈ രീതി. വീടിന്റെ ഭിത്തിക്ക് പെയിന്റ് പൂശുമ്ബോള്‍ പുട്ടിയുടെ ആവശ്യമൊന്നുമില്ല. പുട്ടിയിടാതെ പെയിന്റടിച്ചാല്‍ ഭംഗിക്ക് കുറവുവരാനൊന്നും പോകുന്നില്ല. വീടിന്റെ ഭിത്തി പണിയുമ്ബോള്‍ നന്നായി തേപ്പ് നടത്തിയാല്‍ പുട്ടി വേണ്ടിവരില്ല. കാണാന്‍ ഭംഗിക്കു വേണ്ടി വിലകൂടിയ പെയിന്റുകള്‍ വാങ്ങി പൂശുന്നതും പാഴ്‌ച്ചെലവാണ്. ഇന്റര്‍ലോക്ക് മുറ്റത്തിന്റെ കാലമാണിത്. മഴക്കാലത്ത് ഭൂമിയിലേക്കിറങ്ങുന്ന ജലത്തിന്റെ തോതു കുറയ്ക്കാന്‍ ഇന്റര്‍ലോക്ക് കാരണമാകും. അറേബ്യന്‍ രാജ്യത്തെ കാലാവസ്ഥയ്ക്ക് ഉചിതമായ ഈ രീതി നമുക്ക് പാഴ്‌ച്ചെലവ് മാത്രമാണ്. സീലിങ്, വാള്‍ എന്നിവയില്‍ ചെയ്യുന്ന പാറ്റേണ്‍ വര്‍ക്കുകള്‍, ഫോള്‍സ് സീലിങുകള്‍, ലൈറ്റിങ് വര്‍ക്കുകള്‍ തുടങ്ങിയവ അനാവശ്യച്ചെലവിന് മാത്രമേ ഉപകരിക്കൂ. ഷോ കിച്ചണുകള്‍, റെഡിമെയ്ഡ് ഗാര്‍ഡന്‍ എന്നിവ വീടിന്റെ ചെലവ് കൂട്ടും. വീടുകളില്‍ ചെടികളും പെയിന്റിങ്ങുകളും അലങ്കാരവസ്തുക്കളും ധാരാളം ഉപയോഗിച്ച്‌ വീട് ഒരു കാഴ്ചബംഗ്ലാവാക്കി മാറ്റാന്‍ ശ്രമിച്ചാല്‍ ചെലവ് കണക്കുകൂട്ടലുകളില്‍ ഒതുങ്ങില്ലെന്ന് മറക്കാതിരുന്നാല്‍ നന്ന്. വീടിന് പണിയുന്ന വാതിലുകള്‍ വിലപിടിച്ചതാക്കാനാണ് പലര്‍ക്കും താല്‍പര്യം. എന്നാല്‍, അല്‍പ്പം വിലക്കുറവുള്ള വാതിലുകളും തേക്ക് കൊണ്ടുള്ള വാതിലും സുരക്ഷയുടെ കാര്യത്തില്‍ ഒരു പോലെതന്നെയാണ്.

ചിലര്‍ വിലകൂടിയ തടിയുപയോഗിച്ചുള്ള വാതില്‍ എല്ലാ മുറിയിലും പണിയും. വീടിന്റെ ബാഹ്യഭാഗത്തുമാത്രം അല്‍പ്പം ഉറപ്പുള്ള വാതില്‍ മതി. സ്റ്റോര്‍ റൂം, ബാത് റൂം എന്നിവയ്ക്ക് വില കുറഞ്ഞ വാതിലാണ് നല്ലത്. വില കൂടിയ പെയിന്റ് പൂശി അതിനു മുകളിലായി വില കൂടിയ കര്‍ട്ടണുകള്‍ വിരിക്കുന്നതാണ് ഇന്ന് മലയാളിയുടെ സൗന്ദര്യബോധം. ഇന്നര്‍ കര്‍ട്ടനും ഔട്ടര്‍ കര്‍ട്ടനും പോക്കറ്റ് കാലിയാക്കും. അത്യാവശ്യയിടങ്ങളില്‍ മാത്രം കര്‍ട്ടന്‍ പിടിപ്പിക്കുന്നതാണ് നല്ലത്. ധാരാളം വര്‍ക്കുകളുള്ള കര്‍ട്ടണുകളുടെ സംരക്ഷണവും ഒരു ഭാരമാണെന്ന് ഓര്‍മ്മ വേണം. വീടിന് പൂര്‍ണമായും സണ്‍ഷേഡും ലിന്റലും വേണമെന്ന് വാശി പിടിക്കരുത്. ഒരു നിലയാണെങ്കില്‍ അത്യാവശ്യ ഭാഗങ്ങളില്‍ മാത്രം സണ്‍ഷേഡും ലിന്റലും ചെയ്യാം. കെട്ടിടം മുഴുവന്‍ ചെയ്യണമെന്ന പിടിവാശി നല്ലൊരു തുകതന്നെ പാഴ്‌ച്ചെലവാക്കും. ഇതിനു മുകളിലായി അഞ്ചോ ആറോ നിര കല്ലുകള്‍ വയ്ക്കുന്നതും പാഴ്‌ച്ചെലവ് കൂട്ടാനേ സഹായിക്കൂ. വീടിന് ഉയരം കൂടിയാല്‍ ചൂട് കുറയുമെന്ന വിശ്വാസമാണ് പലരേയും വീടിന്റെ ഉയരം കൂട്ടാന്‍ പ്രേരിപ്പിക്കുന്നത്. വീട്ടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ വെന്റിലേഷനുകളാണ് നല്ലത്. വേനല്‍കാലം വന്നാല്‍ മേല്‍ക്കൂരയില്‍ വൈറ്റ് സിമന്റ് പൂശുന്നതും അമ്ബത് ശതമാനത്തോളം ചൂട് കുറയ്ക്കാന്‍ സഹായിക്കും.