മൈൽസിന്റെ നേതൃത്വത്തിൽ മാലിന്യ നിർമാർജ്ജന പദ്ധതിക്ക് തുടക്കമായി

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൈൽസിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സമ്പൂർണ്ണ മാലിന്യ നിർമ്മാർജ്ജന പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടത്തിൽ കൽപകഞ്ചേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നടപ്പിലാക്കി തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്ന പദ്ധതിയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിച്ച് പുനരുപയോഗത്തിന് തയ്യാറാക്കും.

മൈൽസിൽ വെച്ച് മൂന്ന് സെഷനുകളായി നടന്ന പദ്ധതി വിശദീകരണ പരിശീലന പരിപാടിയിൽ പ്രദേശത്തെ വീട്ടുകാർ, വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികൾ, വ്യാപാരികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. വേങ്ങേരി നിറവിന്റെ ഡയറക്ടർ പി. ബാബു പരിശീലനത്തിന് നേതൃത്വം നൽകി. പത്മശ്രീ. ഡോ. ആസാദ് മൂപ്പൻ, ഡോ. മൂപ്പൻസ് ഫൗണ്ടേഷൻ മാനേജർ ലത്തീഫ് കാസിം, ഡോ. ഒ. ജമാൽ മുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട് യൂണിറ്റ് പ്രസിഡന്റ് ടി. മുജീബ് തൃത്താല, കൽപകഞ്ചേരി ജിവിഎച്എസ്എസ് അദ്ധ്യാപകൻ കെ. മൻസൂർ, മൈൽസ് കോർഡിനേറ്റർ അൻഷാദ് കൊളത്തൂർ, കെ. ഷമീം എന്നിവർ സംസാരിച്ചു. മാലിന്യ നിർമാർജ്ജന സന്ദേശം വിളിച്ചോതുന്ന സ്കിറ്റ് അവതരണവും നടന്നു.