പരീക്ഷാ ഫലത്തിന്‍റെ പിറ്റേന്ന്

2431

പരീക്ഷകള്‍ എന്നും ഒരു പരീക്ഷണമാണ് പരീക്ഷാ ഫലങ്ങള്‍ സുന്ദരമെങ്കില്‍ മധുരവും. ‘എന്നെ ടീച്ചര്‍മാര്‍ സ്കൂളിലെ ഏറ്റവും വലിയ മണ്ടന്‍ എന്നാണ് വിളിച്ചിരുന്നത് എസ്എസ്.എല്‍.സി പരീക്ഷയില്‍ എന്‍റെ മാര്‍ക്ക് ഇരുനൂറ്റി പത്തായിരുന്നു’ പറയുന്നത് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ എട്ടാം റാങ്ക് നേടുകയും ഇന്ത്യയിലെ തന്നെ മികച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്ന ഖ്യാതി നേടുകയും പിന്നീട് കേരളത്തില്‍ എം.എല്‍.എയുമായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം.

ഒരു പരീക്ഷയിലെ വിജയമോ പരാജയമോ കൊണ്ട് ഒരു വ്യക്തിയെയും നമുക്ക് വിധിക്കാനാവില്ല. പരീക്ഷാ ഫലം പലര്‍ക്കും സന്തോഷം നല്‍കുന്നുണ്ടാകാം ചിലര്‍ക്ക് സന്താപവും. പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അഭിനന്ദിക്കുന്നതിനോടൊപ്പം തന്നെ പ്രൊഫഃഎം.എന്‍ വിജയന്‍ മാഷ് പറഞ്ഞതു പോലെ തോറ്റു പോയവരുടേത് കൂടിയാണീ ലോകം. ഉന്നത വിജയം നേടിയവര്‍ വിജയത്തില്‍ അമിതാവേശം കാണിക്കാതെ തങ്ങളുടെ പഠന മേഖലയേതെന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് കോഴ്സുകള്‍ തിരഞ്ഞെടുക്കുക. വീട്ടുകാരുടെ നിര്‍ബന്ധത്തിന്  ഡോക്ടറും എഞ്ചിനീയറുമായി മാറാന്‍ സയന്‍സ് ഗ്രൂപ്പു മാത്രം തേടുന്നതിന് പകരം തന്‍റെ അഭിരുചിക്കനുസരിച്ച കോഴ്സ് തെരഞ്ഞെടുക്കുന്നതാണഭികാമ്യം. കൊമേഴ്സ് മേഖല വികസിച്ചു കൊണ്ടിരിക്കുകയാണ്. സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍ ലക്ഷ്യമിട്ട് ഹ്യൂമാനിറ്റീസും തെരഞ്ഞെടുക്കാം.

ഈ പരീക്ഷാ ഫലത്തിലെ ഏറ്റവും അഭിമാനകരമായ കാര്യം അണ്‍ എയ്ഡഡ് മേഖലയെ പിന്നിലാക്കി ഒരു കാലത്ത് അരികു വല്‍കരിക്കപ്പെട്ടു കിടന്ന സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളുടെ വിജയമാണ്. ചെറിയമുണ്ടം, കല്‍പകഞ്ചേരി ഗവണ്‍മെന്‍റ് സ്കൂളുകള്‍ നേടിയ വിജയം എടുത്തു പറയേണ്ടതാണ്. പാഠ്യ -പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവിന്‍റെ കേന്ദ്രങ്ങളായി മാറാന്‍ പൊതു വിദ്യാഭ്യാസ മേഖലക്ക് കഴിയുന്നു എന്നത് തന്നെയാണ് ഈ ഫലത്തിന്‍റെ ബാക്കി പത്രം.