മറന്നു തുടങ്ങിയ കളികള്‍
ഓരോ അവധിക്കാലവും കുട്ടികളുടെ വസന്തമാണ്. അവധിക്കാലങ്ങള്‍ കളികളുടെ കൂടി കാലമാണ്. പഴയ തലമുറയില്‍ നിന്നും പുതിയ തലമുറയിലേക്കുള്ള മാറ്റം കളികളിലും ദൃശ്യമാണ്. പാടത്തും പറമ്പിലും നിറഞ്ഞു നിന്ന കളിയോര്‍മ്മകള്‍ ഇന്ന് വീടുകളിലെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുക്കപ്പെട്ടപ്പോള്‍ പാമ്പും കോണിയും വട്ടത്തിലിരുന്ന് കളിച്ചിരുന്നത് മൊബൈല്‍ ഫോണിലെ സ്നേക്ക് ഗെയിമുകളിലേക്ക് പറിച്ചു മാറ്റപ്പെട്ടു. കൂട്ടാമായ് കളിച്ച കളികള്‍ക്ക് പകരം ഇന്ന് മൊബൈലും ടാബ്ലറ്റും കമ്പ്യൂട്ടറും കളിക്കൂട്ടുകാരായി മാറി. പുതിയ കളികളിലേക്ക് ലോകം മാറിയപ്പോള്‍ നാം മറന്നു തുടങ്ങിയ ധാരാളം കളികളുണ്ട്.
നമ്മുടെ മുന്‍ തലമുറ കളിച്ചിരുന്നതും ഇന്ന് നമ്മളില്‍ നിന്ന് അന്യം നിന്ന് തുടങ്ങിയതുമായ ആ പഴയ കളികളെ നമ്മുടെ പുത്തന്‍ തലമുറക്ക് പരിചയപ്പെടുത്തുകയാണിവിടെ.
1.നൂറ്റാം കൊള്ളി
—————–
ഏകദേശം ആറിഞ്ച് നീളമുള്ള 10 ഈര്‍ക്കില്‍ കഷ്ണങ്ങളും അവയെക്കാള്‍ നീളം കൂടിയ ഒരു ഈര്‍ക്കിലുമാണ് ഈ കളിക്ക് വേണ്ടത് ചെറിയ ഈര്‍ക്കിലിന് പത്തും വലുതിന് നൂറുമാണ് വില.
താഴെ വെച്ച വലിയ ഈര്‍ക്കിലിലേക്ക് ബാക്കി പത്ത് ഈര്‍ക്കിലും ഒന്നിച്ചിടണം.ഒരു ഈര്‍ക്കിലെങ്കിലും വലിയ ഈര്‍ക്കിലില്‍ വീണാലെ കളി തുടരാനാകൂ. പുറത്ത് വീണ ഒരു ഈര്‍ക്കില്‍ ഉപയോഗിച്ച് വലിയ ഈര്‍ക്കിലിന്മേലുള്ളതെല്ലാം പതുക്കെ എടുക്കണം. അപ്പോള്‍ മറ്റുള്ള ഈര്‍ക്കിലുകള്‍ ഇളകരുത്. ഇളകിയാല്‍ കളി മറ്റെയാള്‍ക്ക് നല്‍കും. അങ്ങനെ ഏറ്റവും കൂടുതല്‍ ഈര്‍ക്കിലെടുക്കുന്നയാള്‍ വിജയിയാകും
.മുഴുവന്‍ ഈര്‍ക്കിലുമെടുക്കുന്നയാള്‍ക്ക് 100ന്‍റെ മൂല്യമുള്ള വലിയ ഈര്‍ക്കില്‍ എടുക്കാം ഇതിനെ നൂറ്റാം കൊള്ളി എന്നു പറയുന്നു. .കുട്ടികളില്‍ ഏകാഗ്രത വളര്‍ത്തുകയാണ് ഈ കളിയുടെ ലക്ഷ്യം.
2.ഒളിച്ചു കളി (സാറ്റ് കളി)
————————
ഈ കളിയില്‍ ഒരാള്‍ മരത്തിനോട് ചേര്‍ന്ന് കണ്ണ് പൊത്തി 1 മുതല്‍ 25 വരെ എണ്ണുന്നു അപ്പോള്‍ മറ്റുള്ള കുട്ടികള്‍ ഏതെങ്കിലും സ്ഥലത്ത് ഒളിക്കുന്നു.
ഒളിച്ചിരിക്കുന്നവരുടെ കൂവല്‍ കേട്ടാല്‍ എണ്ണിയ ആള്‍ അന്വേഷണം തുടങ്ങും. ഒളിച്ചവര്‍ ആരെങ്കിലും ആദ്യം തൊട്ടെണ്ണിയ മരത്തില്‍ വന്നു തൊട്ടാല്‍ എണ്ണിയ കുട്ടി തോറ്റു. മരത്തില്‍ ഒളിച്ചിരുന്നവര്‍ തൊടുന്നതിന് മുമ്പ് കുട്ടി തൊട്ടാല്‍ അവന്‍ വിജയിക്കും. ശ്രദ്ധ വളരെയധികം വേണ്ട കളിയാണിത്.
3.കൈകുത്തിക്കളി
——————–
കൊച്ചു കുട്ടികളുടെ വിനോദമാണിത്. കുറേ കുട്ടികള്‍
വട്ടത്തിലിരുന്ന് കൈപ്പടം നിലത്തു പതിപ്പിച്ച് വയ്ക്കും. ഒരു കുട്ടി രസകരമായ പാട്ടുകള്‍(ഞാനൊരു മനുഷ്യനെ കണ്ടിട്ടുണ്ട്, അക്കുത്തിക്കുത്താന വരമ്പത്ത്,അത്തള പിത്തള തവളാച്ചീ…..) പാടി മുഷ്ടി കൊണ്ട് കൈപത്തിയിന്മേല്‍ മെല്ലെ കുത്തും. കുത്ത് കിട്ടിയാല്‍ കൈപത്തി മലര്‍ത്തി വയ്ക്കണം.
4.പട്ടയും ചുള്ളിയും
——————-
ഇരുപത് സെന്‍റീ മീറ്റര്‍ നീളമുള്ള മരകമ്പാണ് ‘ചുള്ളി’. കളിക്കുന്നതില്‍ ഒരാള്‍, നീളത്തിലുള്ള ഒരു ചെറിയ കുഴിയുടെ മീതേ, ‘ചുള്ളി ‘വച്ച് ഒരു പട്ട(വടി) കൊണ്ട് കോരി ‘ചുള്ളിയെ’ ദൂരെ തെറിപ്പിക്കും.അപ്പോള്‍ മറ്റു കുട്ടികള്‍ ‘ചുള്ളി’ പിടിക്കാന്‍ നോക്കും. താഴെ വീഴുന്നതിനു മുമ്പ് ആരെങ്കിലും ‘ചുള്ളിയെ’ പിടിച്ചാല്‍ പട്ട കൊണ്ട് ‘ചുള്ളി’ തെറിപ്പിച്ചവന് കളി നഷ്ടപ്പെടും.
5.പാമ്പും കോണിയും
———————–
വീടിനുള്ളില്‍ കളിക്കാവുന്ന കളിയാണിത്. 1 മുതല്‍ 100 വരെയെഴുതിയ കള്ളികളുള്ളതാണ് കളിക്കളം. ഇതില്‍ പാമ്പിന്‍റെയും കോണിയുടെയും രൂപങ്ങള്‍ വരച്ചിട്ടുണ്ടാവും. ആറു വശങ്ങളിലായി 1 മുതല്‍ 6 വരെ അടയാളപ്പെടുത്തിയ സമചതുര കട്ടകൊണ്ടാണ് കളിക്കുന്നത്. കട്ട നിലത്തിടുമ്പോള്‍ മുകളിലെ വശത്തുള്ള സംഖ്യ നോക്കി കളത്തിലെ കരു നീക്കണം. കരു നീക്കി ഏണിയുള്ള കളത്തിലെത്തിയാല്‍ ആ ഏണിയുടെ മറ്റേ അറ്റമുള്ള കളത്തിലേക്ക് കരു നീക്കാം മറിച്ച് പാമ്പുള്ള കളമാണെങ്കില്‍ താഴോട്ടിറങ്ങേണ്ടി വരും. ഇങ്ങനെ കളിച്ച് നൂറാമത്തെ കളത്തിലേക്ക് കരു എത്തിച്ചയാള്‍ വിജയിക്കും. നല്ല ഏകാഗ്രതയും ശ്രദ്ധയും വേണ്ട കളിയാണിത്.
6.കക്കു കളി
————–
പെണ്‍കുട്ടികള്‍ കളിച്ചിരുന്ന കളിയാണിത്. ചെറിയ പരന്ന കല്ലാണ് കക്ക്. നിലത്ത് എട്ട് കള്ളികളുള്ള ദീര്‍ഘചതുരം വരയ്ക്കും അതാണ് കളിക്കളം. ആദ്യം കളിക്കുന്ന കുട്ടി, ഒരു മീറ്റര്‍ അകലെ നിന്ന് കക്ക് കളത്തിലെ ഒന്നാമത്തെ കള്ളിയില്‍ എറിയും.അതിനു ശേഷം നിന്ന സ്ഥലത്തു നിന്ന് ഒരു കാലു മടക്കി, ഒറ്റക്കാലില്‍ ചാടി കക്ക് അടുത്ത കളത്തിലേക്ക് തെറിപ്പിക്കണം. ഇങ്ങനെ എട്ടു കളങ്ങളും ചാടി ഒടുവില്‍ കക്ക് പുറത്തേക്ക് തട്ടണം.
7.കൊത്തം കല്ല്
—————–
പെണ്‍കുട്ടികള്‍ കളിക്കുന്ന കളിയാണിത്. ആദ്യം കുറേ കല്ലുകള്‍ മുകളിലേക്ക് എറിയും. എന്നിട്ട് കല്ലുകള്‍ വീഴത്തക്ക വിധം പുറം കൈ കാണിക്കും. പുറം കയ്യില്‍ ഒരു കല്ല് മാത്രം വെക്കും. ഇതിനെ കൊത്തം കല്ല് എന്ന് പറയുന്നു. കൊത്തം കല്ല് കയ്യില്‍ വെച്ച് മറ്റുള്ള കല്ലുകള്‍ കൊത്തിയെടുക്കണം. ഇങ്ങനെ കൂടുതല്‍ കൊത്തം കല്ല് കിട്ടിയാല്‍ അയാള്‍ കളിയില്‍ വിജയിക്കും.
8.കോട്ടിക്കളി
————–
കോട്ടികളിക്ക് നിരവധി പ്രാദേശിക വകഭേദങ്ങളുണ്ട്.
മണ്ണില്‍ ചെറിയ കുഴിയുണ്ടാക്കിയ ശേഷം അല്‍പം അകലെ ഒരു വരയിടുന്നു. അവിടെ നിന്നും കോട്ടി കുഴിയില്‍ വീഴ്ത്തുകയാണ് വേണ്ടത്. കുഴിയിൽ വീണ കോട്ടി കളിക്കാരന് സ്വന്തമാക്കാം. കള്ളി വരച്ച് എതിർ ടീം പറയുന്ന കോട്ടിക്ക് എറിഞ്ഞ് അത് കള്ളിയുടെ പുറത്തേക്ക് തെറിപ്പിച്ചാൽ കോട്ടി ആ കള്ളിയിലെ കോട്ടി മുഴുവൻ കളിക്കാരന് സ്വന്തമാക്കുന്നത് വേറൊരു കളി.
മറ്റൊന്ന് ഓരോ മീറ്റര്‍ ഇടവിട്ട് തുല്യഅകലത്തില്‍ മൂന്ന് ചെറിയ കുഴികള്‍ കുഴിക്കുന്നു. ആദ്യ കുഴിയില്‍ നിന്നും രണ്ടാമത്തേതിലേക്കും അവിടെനിന്ന് മൂന്നാമത്തേതിലേക്കും അവിടെ നിന്നും തിരിച്ച് ഒന്‍പതു പ്രാവശ്യം കോട്ടി കുഴിയില്‍ വീഴ്ത്തണം. വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവന് കളി നഷ്ടപ്പെടും. പിന്നെ അടുത്ത കുട്ടിയുടെ ഊഴമാണ്. ഇങ്ങനെ കളിക്കുമ്പോള്‍, മറ്റുള്ളവരുടെ കോട്ടികള്‍ അടുത്തെങ്ങാനും ഉണ്ടെങ്കില്‍ അവയെ അടിച്ച് അകലേക്കു തെറിപ്പിക്കാറുണ്ട്.
9.കൂട്ടപ്പെര..
————–
മെടഞ്ഞതോ അല്ലാത്തതോ ആയ തെങ്ങിന്‍റെ ഒാലകള്‍, പഴയ തുണികള്‍,ശീലകള്‍ എന്നിവ ഉപയോഗിച്ച് വീടുണ്ടാക്കി കളിക്കുന്ന രീതിയാണ് കൂട്ടപ്പെര.
കൂട്ടപ്പെര നമ്മുടെ കുടുംബാംഗങ്ങളുടെയും കുടുംബ ജീവിതത്തിലെയും സാഹചര്യങ്ങളും പെരുമാറ്റങ്ങളും കുട്ടികള്‍ അവതരിപ്പിക്കുന്ന രീതിയാണ്. കുട്ടികളില്‍ സാമൂഹ്യ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് ഇത്തരം കളികള്‍ അവസരം ഒരുക്കിയിരുന്നു.
10.ഓലപ്പന്തുകളി
—————–
തെങ്ങോലയോ പനയോലയോ മെടഞ്ഞുണ്ടാക്കുന്ന പന്താണ് ഇതിലുപയോഗിക്കുന്നത്. കളിക്കാര്‍ രണ്ടു ടീമായാണ് കളിക്കുക. ആദ്യം ഒരു മരക്കുറ്റിയോ കല്ലോ ഗ്രൗണ്ടില്‍ ഉറപ്പിക്കും. കളി തുടങ്ങുമ്പോള്‍ ഒരു ഗ്രൂപ്പിലെ കളിക്കാര്‍ കുറ്റിയുടെ അടുത്തും മറ്റേ കൂട്ടര്‍ എതിര്‍ ഭാഗത്ത് നിന്നുമാണ് കളിക്കുക.
11.ചട്ടി പന്ത്
————–
ഇത് രണ്ട് ടീമായി കളിക്കുന്ന കളിയാണ്. ഒരു പന്തും കുറച്ച് ഓടിന്‍റെ കഷ്ണങ്ങളുമാണ് ഈ കളിക്കാവശ്യം. ഒരു ടീം അട്ടിയാക്കി വെച്ച ഓടിന്‍റെ കഷ്ണങ്ങളിലേക്ക് പന്തെറിയുന്നു. ഓടിന്‍റെ കഷ്ണങ്ങള്‍ വീണാല്‍ എറിഞ്ഞ ടീം ആ കഷ്ണങ്ങള്‍ വീണ്ടും അട്ടിയാക്കി വെയ്ക്കണം. ആ സമയം എതിര്‍ ടീം അട്ടിയാക്കി വെക്കുന്ന ആള്‍ക്കാര്‍ക്ക് നേരെ പന്തെറിഞ്ഞ് അവരെ തടസ്സപ്പെടുത്തുന്നു. ആർക്കെങ്കിലും ഏറ് കൊണ്ടാൽ ആ ടീം അയോഗ്യരായി. ഇങ്ങനെ പന്തേറ് കൊള്ളാതെ ഏത് ടീമാണോ ഓട്ടു കഷ്ണങ്ങള്‍ മുഴുവനായി അട്ടിയാക്കി വെക്കുന്നത്. അവര്‍ കളിയില്‍ വിജയിക്കും. ഒരേ സമയം രണ്ടു ഭാഗത്തേക്കും ശ്രദ്ധ കൊടുക്കേണ്ട ഒരു കളിയാണിത്.
നമ്മുടെ പഴയ കാലത്തെ കളികളൊന്നും വെറും കളികളായിരുന്നില്ല. ഒരു കുട്ടിയുടെ വ്യക്തിത്വ വികാസത്തെ സ്വാധീനിക്കുന്ന നല്ല പാഠങ്ങളായിരുന്നു ഓരോന്നും. കൊല്ലും കൊലയും കളികളായി മാറിയ നവ സാങ്കേതിക വിദ്യയുടെ കാലത്ത് നന്മയുടെ, സ്നേഹത്തിന്‍റെ, ഒരുമയുടെ കൂട്ടായ്മകളായ പഴയ കളികളും കളിക്കളങ്ങളും ചില വലിയ ഒാര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ്