കൽപകഞ്ചേരിയിൽ പത്രപ്രവർത്തനത്തിന് വിത്തിട്ടവർ

1186

കല്പകഞ്ചേരിയിൽ പത്രപ്രവർത്തനം ജനകീയമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച രണ്ട് പേരെ മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി ഉപഹാരം നൽകി ആദരിച്ചത് മനസ്സ് നിറഞ്ഞ മുഹൂർത്തമായി. അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് എന്നെ കൈപ്പിടിച്ചുയർത്തിയ എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ കൂടിയായ കിഴക്കെപാറയിലെ ടി. കെ. അബ്ദുൽ സലാം മാസ്റ്റർ, നെരാലയിലെ എ. അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവരെയാണ് ദേശം ആദരിച്ചത്. പതിറ്റാണ്ടുകൾക്ക് മുമ്പ് കല്പകഞ്ചേരി, വളവന്നൂർ പ്രദേശങ്ങളിലെ വാർത്തകൾ പത്രതാളുകളിൽ അച്ചടിമഷി പുരണ്ടുതുടങ്ങിയ കാലം തൊട്ടെ പത്രപ്രവർത്തന ലോകത്തേക്ക് ഏറെ താല്പര്യത്തോടെ കടന്നുവന്ന ഇവർ ഇന്നും പുതിയ പത്രപ്രവർത്തകർക്ക് വഴികാട്ടിയായി അതേ താല്പര്യത്തോടെ വാർത്തകളുടെ ലോകത്ത് തങ്ങളുടെ സാന്നിധ്യമറിയിക്കുന്നു.

ചന്ദ്രിക ദിനപത്രത്തിന്റെ ലേഖകനായിരുന്ന സലാം മാസ്റ്റർക്കും കേരള കൗമുദി, മാതൃഭൂമി, വർത്തമാനം എന്നീ പത്രങ്ങളുടെ ലേഖകനായിരുന്ന അബ്ദുറഹ്മാൻ മാസ്റ്റർക്കും അധ്യാപക ജീവിതത്തോടൊപ്പം മാധ്യമ പ്രവർത്തനവും ഒരു ആത്മസമർപ്പണമായിരുന്നു. സാങ്കേതിക വിദ്യയും സംവിധാനങ്ങളും പുരോഗതി പ്രാപിച്ചിട്ടില്ലാത്ത അക്കാലത്ത് വാർത്തകൾ ശേഖരിക്കാനും പത്ര ഓഫീസുകളിൽ എത്തിക്കാനും ഇരുവരും ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. ചരമ വാർത്തകളും വിവാഹ വാർത്തകളുമൊക്കെ ഉയർന്ന തട്ടിലുള്ളവർക്ക് മാത്രം റിസർവ്വ് ചെയ്യപ്പെട്ടിരുന്ന കാലത്ത് ഏത് സാധാരണക്കാരന്റെയും ഇത്തരത്തിലുള്ള വാർത്തകൾ താളുകളിൽ ഇടം പിടിച്ചുതുടങ്ങിയത് ഇവരുടെ ശ്രമഫലം ഒന്ന്കൊണ്ട് മാത്രമാണ്.

ഒറ്റപ്പെട്ട പത്രപ്രവർത്തനത്തിന് ഒരു കൂട്ടായ്മയുടെ മുഖം വേണമെന്ന ഇവരുടെ ചിന്തയാണ് ഇന്ന് ജില്ലയിലെ മുൻ നിര പത്രപ്രവർത്തക കൂട്ടായ്മയായ കല്പകഞ്ചേരി പ്രസ് ഫോറത്തിന്റെ പിറവിക്ക് കാരണം. അബ്ദുറഹ്മാൻ മാസ്റ്ററുടെ ഈ ആശയം സലാം മാസ്റ്ററും, ഇന്ന് മുന്നിൽ നിന്ന് പ്രസ്ഫോറത്തെ നയിക്കുന്ന സി.പി രാധാകൃഷ്ണനും ഇരുകയ്യും നീട്ടി സ്വീകരിച്ച് കല്പകഞ്ചേരിയിലെ മറ്റ് പത്രക്കാരെയും കൂട്ടി കല്പകഞ്ചേരി പ്രസ് ഫോറം എന്ന മഹത്തായ കൂട്ടായ്മക്ക് രൂപം നൽകുകയായിരുന്നു. എല്ലാ മേഖലയിലും ഇന്നേറെ മുന്നിൽ നിൽക്കുന്ന കല്പകഞ്ചേരിയുടെ സുകൃതമാവുകയായിത്തീരുകയായിരുന്നു ഇത്.

ആത്മാർഥതയും കഠിനാധ്വാനവും നിസ്വാർഥവുമായ പ്രവർത്തനം കൊണ്ട് കല്പകഞ്ചേരി ദേശത്തിന് മാധ്യമ ലോകത്ത് വ്യക്തമായ മേൽവിലാസമുണ്ടാക്കിതന്ന ടി.കെ. സലാം മാസ്റ്റർക്കും എ. അബ്ദുറഹ്മാൻ മാസ്റ്റർക്കും നാടിന്റെ ഹൃദ്യമായ ആദരവും നിറഞ്ഞ ബഹുമാനവും…

നാട്ടുവർത്തമാനങ്ങളും വിശേഷങ്ങളുമായി സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമായ ഫൈസൽ പറവന്നൂർ 'മാതൃഭൂമി' റിപ്പോർട്ടറാണ്.