കാക്കയുടെ കൌശലം (കുട്ടിക്കഥ)

2292

കൊച്ചു കൂട്ടുകാരേ, ഈ കഥ പണ്ട് കേരള പാഠാവലി എന്ന മലയാള പാഠപുസ്തകത്തില്‍ ഞങ്ങളൊക്കെ പഠിച്ചതാണ്.

ഒരു മരത്തില്‍ രണ്ടു കാക്കകള്‍ കൂടുകൂട്ടി താമസിച്ചിരുന്നു. മര‍ത്തിന്റെ ചുവട്ടിലായി ഒരു മാളത്തില്‍ ഒരു പാമ്പും താമസിച്ചിരുന്നു. വെറും പാമ്പല്ല, ഒരു വിഷസര്‍പ്പം. പെണ്‍കാക്ക മുട്ടയിടും; പക്ഷേ ഈ സര്‍പ്പം മരത്തില്‍ക്കയറി മുട്ടകളെല്ലാം തിന്നുകളയും. അതുകൊണ്ട് മുട്ടകളൊന്നും വിരിഞ്ഞില്ല. പാ‍വം കാക്കകള്‍, എന്തു ചെയ്യാ‍നാണ്. സര്‍പ്പത്തെ ഓടിക്കാന്‍ അവര്‍ ശ്രമിച്ചപ്പോളൊക്കെ അവന്‍ പത്തിവിടര്‍ത്തി അവരെ കൊത്താനോങ്ങി. പാമ്പിന്റെ ശല്യം സഹിക്കാന്‍ വയ്യാതെ കാക്കകള്‍ വളരെ സങ്കടത്തിലായി. ഇവനെ നശിപ്പിക്കാന്‍ എന്താണൊരു വഴി? കാക്കകള്‍ ആലോചിച്ചു.

ഒരു ദിവസം അടുത്തുള്ള വീട്ടിലെ കുട്ടി മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവളുടെ കഴുത്തില്‍ ഒരു സ്വര്‍ണ്ണമാലയുണ്ടായിരുന്നു. പെട്ടന്ന് ആ മാല ഊരി താഴെവീണുപോയി. പെണ്‍കാക്ക ഇതു കണ്ടു. കാക്കയ്ക്ക് ഒരു ബുദ്ധി തോന്നി. കാക്ക പറന്നു ചെന്ന് മാല കൊത്തിയെടുത്തുകൊണ്ട് ഒറ്റ പറക്കല്‍!! കുട്ടി ഉറക്കെക്കരഞ്ഞു. അതുകേട്ട് പറമ്പില്‍ പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്ന അവളുടെ അച്ഛന്‍ ഓടിവന്നു. കാക്ക മാലയുമായി കൂടിരിക്കുന്ന മരത്തിലേക്ക് പോയി. ഒരു വടിയും കൈയ്യിലെടുത്തുകൊണ്ട് അയാളും പിറകേഓടി. കാക്ക പറന്നുചെന്ന് മാല പാമ്പിന്റെ മാളത്തില്‍ കൊണ്ടുപോയി ഇട്ടു. എന്നിട്ട് മരത്തില്‍ പോയി ഇരുന്നു.

കുട്ടിയുടെ അച്ഛന്‍ ഓടിയെത്തി മാളത്തില്‍ കുത്തി. സര്‍പ്പം പുറത്തുവന്നു. പത്തിവിടര്‍ത്തി ചീറ്റിക്കൊണ്ട് അത് കൊത്താനായി ഓടിവന്നു. കുട്ടിയുടെ അച്ഛന്‍ പാമ്പിനെ തല്ലിക്കൊന്നു, മാലയും എടുത്തുകൊണ്ട് വീട്ടിലേക്ക് പോയി. കാക്കകള്‍ സന്തോഷത്താല്‍ കാ…കാ… എന്ന് ഉറക്കെ കരഞ്ഞു. അവരോടൊപ്പം സന്തോഷിക്കാന്‍ മറ്റുകാക്കകളും അവിടെ വന്നു ചേര്‍ന്നു!

ഈ കഥയില്‍നിന്നും മനസ്സിലാക്കാവുന്ന ഗുണപാഠമെന്താണ്? ബുദ്ധി ഉപയോഗിച്ചാല്‍ ഏത് ആപത്തുകളില്‍നിന്നും രക്ഷപെടുവാന്‍ സാധിക്കും. പ്രയാസകരമായ സാഹചര്യങ്ങള്‍ വരുമ്പോള്‍ അതിനെനോക്കി ഭയപ്പെടാതെ, ബുദ്ധിഉപയോഗിച്ച് അതിനെ നേരിടുവാന്‍ പഠിക്കുക.