വേണം കടുങ്ങാത്തുകുണ്ടിനൊരു പൊതു ശൗചാലയം

2981

പ്രാഥമിക കൃത്യങ്ങള്‍ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമാണ്. പറഞ്ഞു വന്നത് ശൗചാലയങ്ങളെക്കുറിച്ചാണ്. വളവന്നൂർ കൽപകഞ്ചേരി പഞ്ചായത്തുകളുടെ ഹൃദയമായ കടുങ്ങാത്ത്‌കുണ്ടിൽ ഒരു പൊതു ശൗചാലയം എന്ന ജനങ്ങളുടെ ആഗ്രഹം ഇന്നും കടലാസുകളിൽ കെട്ടികിടക്കുന്നു.

ശൗചാലയങ്ങള്‍ ഇല്ലാത്തതിന്‍റെ പേരില്‍ പൊതു സ്ഥലങ്ങളില്‍ ‘കാര്യം സാധിക്കുന്ന’ ലക്ഷങ്ങള്‍ അധിവസിക്കുന്ന നാടാണ് ഇന്ത്യ. പ്രമുഖ ബോളിവുഡ് നടി വിദ്യാ ബാലന്‍റെ ശൗചാലയ പരസ്യത്തിന്‍റെ പ്രചോദനത്താല്‍ ഉത്തരേന്ത്യ മാറ്റത്തിന്‍റെ പാതയിലാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ കേരളവുമായി താരതമ്യം ചെയ്യാന്‍ ആരും മുതിരാറില്ല. വികസിത രാജ്യങ്ങളെ കവച്ചു വെക്കുന്ന കേരളത്തിന്റെ ശുചിത്വ ബോധം തന്നെയാകാം കാരണം.

അങ്ങനെയുള്ള കേരള നാട്ടിലെ, വിദ്യാഭ്യാസ സ്ഥാപനങ്ങളാല്‍ സന്പന്നമായ കടുങ്ങാത്തു കുണ്ടില്‍ കഴിഞ്ഞ ഞായറാഴ്ച തപാല്‍ വകുപ്പ് നടത്തിയ എഴുത്തു പരീക്ഷക്ക് എത്തിച്ചേർന്ന സ്ത്രീകളടക്കമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാൻ ഏറെ ബുദ്ധിമുട്ടിയത് നാടിനു തന്നെ അപമാനമായി മാറി. പരീക്ഷക്കായി ജില്ലയില്‍ നിന്നും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ഉദ്യോഗാര്‍ത്ഥികളാണ് പൊതു ശൗചാലയത്തിന്‍റെ അഭാവത്താല്‍ ബുദ്ധിമുട്ടിയത്.

കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ദിവസേന വന്നു പോകുന്നതും, ഒരു പാട്‌ പൊതുമേഖലാ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതുമായ കടുങ്ങാത്തുകുണ്ടിന് ഒരു പൊതു ശൗചാലയം ഇല്ല എന്നത് വളരെ മോശം തന്നെ. അതുപോലെ നിരവധി സർക്കാറിതര ആവശ്യങ്ങൾക്കായി ധാരാളം ആളുകൾ ദിവസവും വന്നു പോകുന്ന കടുങ്ങാത്തുകുണ്ടിൽ ഈ വിഷയത്തില്‍ അധികൃതരുടെ ശ്രദ്ധ പതിയേണ്ടത്‌ അത്യന്താപേക്ഷിതമാണ്.