ഐസ്വാൾ എഫ്.സി യുടെ പുൽതകടിൽ ഇനിമുതൽ വളവന്നൂരുകാരന്റെ സ്പർശനം കൂടി. ഗോളടിച്ചും അടിപ്പിച്ചും ഫുട്ബാൾ മൈതാനങ്ങളിലെ ആരവങ്ങളെ ഏറ്റു വാങ്ങാൻ വളവന്നൂരിന്റെ നാജി റനീം ഇനി ബൂട്ട് കെട്ടുന്നത് ഇന്ത്യൻ ഫുട്ബാളിലെ നിലവിലെ ചാംപ്യന്മാരായ ഐസ്വാൾ എഫ്. സി. (മിസോറാം) യുടെ ജൂനിയർ ടീമിന് വേണ്ടി.
മറ്റെന്തിനേക്കാളും ഫുട്ബാളിനെ മനസ്സിൽ കൊണ്ട് നടക്കുന്ന നാജി പന്ത് തട്ടിത്തുടങ്ങിയത് ഫുട്ബാൾ നിത്യജീവിതത്തിന്റെ തന്നെ ഭാഗമാക്കിയ അറേബ്യൻ മണ്ണിൽ ആയിരുന്നു. ഖത്തറിലെ മുൻ നിര ക്ലബ്ബുകളിൽ ഒന്നായ അൽ-ഖോർ ഫുട്ബാൾ ക്ലബ്ബിന്റെ അക്കാദമിയിലൂടെ തുടങ്ങിയ പ്രയാണം പിന്നീട് നാട്ടിൽ “തിരൂർ സ്പോർട്‌സ് അക്കാദമി (SAT)” യിലും തുടർന്ന് ഇന്ത്യൻ ഫുട്ബാളിന്റെ ‘മെക്ക’ യായ കൊൽക്കത്തയിലെ “കൊൽക്കത്ത ഫുട്ബാൾ അക്കാദമി (KFA)” യിലും പിന്നിട്ട് ഐസ്വാൾ എഫ്. സി യുടെ പച്ചപ്പുൽത്തകിടിയിൽ എത്തി നിൽക്കുന്നു.
തിരൂർ സ്പോർട്സ് അക്കാദമിയിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞത് നാജിയുടെ ഫുട്ബാൾ ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു. നാട്ടിലെ കളിക്കാരെ വാർത്തെടുക്കുന്നതിലും ഉയർത്തിക്കൊണ്ട് വരുന്നതിലും SAT മാനേജ്മെന്റ് നടത്തി വരുന്ന ശ്രമങ്ങളെ പ്രത്യേകം എടുത്ത് പറയേണ്ടിയിരിക്കുന്നു.
മൈത്രി-നെരാല, സെഞ്ച്വറി-സമത നഗർ, യൂത്ത് വിംഗ്-പൊന്മുണ്ടം, തുടങ്ങി നാട്ടിലെ ഒരുപാട് ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള നാജി എതിർ ടീമുകളുടെ വല നിറക്കുന്നതിനൊപ്പം തന്നെ നാട്ടുകാരുടെയും കളിക്കംബക്കാരുടെയും മനസ്സും നിറച്ചുകൊണ്ടിരിക്കുന്നു.

ഖത്തർ ഐഡിയൽ സ്കൂളിലും വളവന്നൂർ അൻസാർ സ്കൂളിലും KHMHS സ്കൂൾ ആലത്തിയൂർ സ്കൂളിലുമായി സെക്കണ്ടറി വിദ്യഭ്യാസം പൂർത്തിയാക്കിയ നാജി ഇപ്പോൾ കല്ലിങ്ങൽപറംബ് MSMHS സ്കൂളിൽ +2 വിദ്യാർത്ഥിയാണ്.

വളവന്നൂർ സമത നഗറിൽ എ. അബ്ദുറഹിമാൻ മാസ്റ്ററുടെ മകൾ റഹീനയുടെയും രണ്ടത്താണി അബ്ദുറഹിമാൻ അൻസാരിയുടെ മകൻ നസീമുസ്സബാഹിന്റെയും മൂത്ത മകനായ നാജിക്ക് രണ്ട് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട്.
നാജിയുടെ ഒരു വീഡിയോ കാണാം.