സിസേറിയനിലൂടെ ജനിച്ച കുട്ടികൾക്ക് പൊണ്ണത്തടി കൂടാനുള്ള സാധ്യത കൂടുതൽ

1710

വാഷിങ്ടണ്‍: സിസേറിയനിലൂടെ ജനിച്ച കുട്ടികള്‍ക്ക് സാധാരണ പ്രസവത്തിലെ കുട്ടികളെക്കാള്‍ പൊണ്ണത്തടി സാധ്യത 40 ശതമാനം കൂടുതലാണെന്ന് പഠനം. സിസേറിയന്‍ വഴി ജനിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കും അമിതഭാരമുണ്ടെങ്കില്‍ പൊണ്ണത്തടി സാധ്യത 40 ശതമാനത്തിലും കൂടുതലാവും.

അമിതഭാരമുള്ള അമ്മമാര്‍ സാധാരണ പ്രസവത്തിലൂടെയാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതെങ്കില്‍ പൊണ്ണത്തടിക്കുള്ള സാധ്യത കുറയുമെന്നും യു.എസിലെ ജോണ്‍ഹോപ്കിന്‍സ് യൂനിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു.

പ്രസവ സമയത്തെ അമ്മയുടെ ഭാരം, വിദ്യാഭ്യാസം, പ്രസവത്തിന് മുമ്പുള്ള ബോഡി മാസ് ഇന്‍ഡക്സ്, ഗര്‍ഭസമയത്തെ കൂടിയ ഭാരം, വായുമലിനീകരണം, ജനന സമയത്തെ കുട്ടിയുടെ ഭാരം എന്നിവ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

അമിതഭാരമുള്ള അമ്മമാര്‍ പൊണ്ണത്തടിയുള്ള കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കുന്നതെങ്കിലും പ്രസവം സിസേറിയന്‍ വഴിയാവുമ്പോള്‍ ഇതിനുള്ള സാധ്യത കൂടുന്നതായാണ് പഠനത്തില്‍ കണ്ടത്തെിയത്.

സാധാരണ പ്രസവത്തില്‍ കുഞ്ഞ് പുറത്തുവരുന്ന ബര്‍ത്ത് കാനലില്‍ അടങ്ങിയ ജീവാണുക്കളാണ് ഇത്തരം മാറ്റത്തിന് കാരണമെന്നാണ് ഗവേഷകരുടെ നിഗമനം. ഈ ജീവാണുക്കള്‍ കുഞ്ഞുങ്ങളുടെ ആരോഗ്യം, പ്രതിരോധശേഷി, ഉപാപചയം എന്നിവയെ ബാധിക്കുന്നുവെന്ന് കരുതുന്നതായി പഠനത്തിന് നേതൃത്വം കൊടുത്ത ഗവേഷകന്‍ നോയല്‍ മുള്ളര്‍ അറിയിച്ചു.