കടുങ്ങാത്തു കുണ്ട്: സാമ്രാജ്യത്വ ശക്തികളുടെ അതിര്‍ത്തികടന്നുള്ള കച്ചവടതാല്‍പര്യങ്ങളാണ് ലോകത്ത് ഭീകരതയുടെ വളര്‍ച്ചക്ക് കാരണമായതെന്ന് ഐ.എസ്.എം. വളവന്നൂർ മേഖല കടുങ്ങാത്ത് കുണ്ടില്‍ സംഘടിപ്പിച്ച ഭീകരവിരുദ്ധ സംഗമം അഭിപ്രായപ്പെട്ടു. ‘ഭീകരവാദം മുഖംമൂടി അഴിക്കുന്നു’ ഡോക്യൂമെന്ററിയുടെ പ്രകാശനവും നടന്നു.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി സാമ്രാജ്യത്വ ശക്തികളുടെ അതിര്‍ത്തികടന്നുള്ള ആയുധ വ്യാപാരവും കച്ചവടതാല്‍പര്യവും സംരക്ഷിക്കാന്‍ നിരപരാധികളായ യുവ സമൂഹത്തെ ഭീകരവാദികളായി ചിത്രീകരിക്കുകയാണ്. സമൂഹത്തിന്റെ സ്വസ്ഥ്യവും സമാധാനവും നശിപ്പിക്കുന്ന എല്ലാതരം ഭീകരതക്കെതിരിലും മാനവിക കൂട്ടായ്മകള്‍ രൂപപ്പെടണം.. നിരപരാധികളായ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരതയുടെ പേരില്‍ വേട്ടയാടപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നിരപരാധികളെ വേട്ടയാടുന്നതും ജയിലിലില്‍ അകപ്പെടുന്നതും ഒഴിവാക്കാന്‍ യു.എന്‍ കര്‍ശന നടപടി സ്വീകരിക്കണംതീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെയുള്ള ബോധവല്‍ക്കരണം, നിരപരാധികളെ വേട്ടയാടപ്പെടുന്നത് സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുക, എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഐ.എസ്.എമ്മിന്‍റെ ആഭിമുഖ്യത്തില്‍ വിസ്ഡം ഭീകര വിരുദ്ധ സംഗമവും ഡോക്യുമെന്റെറി പ്രദര്‍ശനവും സംഘടിപ്പിച്ചത്.
സംഗമം കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.കുഞ്ഞാപ്പു ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി നൗഷാദ് അടിയാട്ടിൽ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ പി സബാഹ്, സി പി രാധാകൃഷ്ണൻ, സുബൈർ കല്ലൻ, അനിൽ വളവന്നൂർ, അബ്ദു സലിം അൻസാരി, ലുഖ്മാനുൽ ഹക്കീം എന്നിവർ പ്രസംഗിച്ചു. ഹാരിസ് എ സ്വാഗതവും യൂസുഫ് എം.കെ നന്ദിയും പറഞ്ഞു.