“എന്റെ ഉപ്പ… എന്റെ മാതൃക…”

മയ്യേരി മുഹമ്മദ് സലീം

സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് ഇന്ന് ഓരോ പഞ്ചായത്തിലും  സഹായം നൽകാൻ സന്നദ്ധരായി നൂറുകണക്കിന് സംഘടനകൾ സജീവമായി പ്രവർത്തിക്കുന്നു. എന്നാൽ വളവന്നൂരുകാർ സാമൂഹ്യ പ്രവർത്തനങ്ങളെ കുറിച്ചോ ചാരിറ്റി സംരംഭങ്ങളെ കുറിച്ചോ ചിന്തിച്ചു തുടങ്ങുന്നതിനു വളരെ മുന്പ് തന്നെ നമ്മുടെ നാട്ടിൽ ആരെയും കൂസാതെ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച് ഒറ്റക്ക് ഇതെല്ലാം ചെയ്തിരുന്ന തന്റേടിയായ ഒരാളുണ്ടായിരുന്നു.  നാട്ടുകാർ അയമ്മുക്ക എന്ന് വിളിച്ചിരുന്ന മയ്യേരി അഹമ്മദ് സാഹിബ്.   പൊങ്ങച്ചങ്ങളില്ലാതെ സഹജീവികളോട് വളരെയേറെ സഹാനുഭൂതിയും ആർദ്രതയും പ്രവർത്തനത്തിലൂടെ കാണിച്ചു തന്ന അയമുക്കയുടെ ജീവിതത്തിലൂടെ ഒരു യാത്ര,  മകൻ മയ്യേരി സലീം ഉപ്പയുടെ ഓർമ്മകളിലൂടെ… “എന്റെ ഉപ്പ… എന്റെ മാതൃക…”

അനുഭവങ്ങളാണല്ലോ ജീവിതത്തിന്റെ കാതൽ. സുഖദുഖങ്ങളും, സന്തോഷ സന്താപങ്ങളും അനുഭവങ്ങളിലൂടെയാണ് നമ്മളിലേക്ക് എത്തി ചേരുന്നത്. വിദ്യാലയങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ വലിയ ജീവിത പാഠമാണ് അനുഭവങ്ങൾ നമുക്ക് സമ്മാനിക്കുന്നത്. അനുഭവമാണ് ഏറ്റവും വലിയ ഗുരു എന്നത് ഞാൻ ഉൾക്കൊള്ളുകയും അതെന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക് കാരണമാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ എന്റെ മനസ്സിൽ ഏറ്റവും സ്വാധീനം ചെലുത്തിയ അനുഭവങ്ങൾ പിതാവുമൊത്ത് ചിലവഴിച്ച സന്ദർഭങ്ങളിലുണ്ടായതാണ്.

അഹമ്മദ് സാഹിബ് എന്ന അയമ്മുക്ക

സ്വന്തം പിതാവിൽ നിന്ന് പകർന്ന് കിട്ടിയ പാഠങ്ങൾ ലോകത്തെ ഏറ്റവും ഉന്നതമായ കലാലയങ്ങളിൽ നിന്നോ സർവകലാശാലകളിൽ നിന്നോ ലഭിക്കുകയില്ല എന്നാണ് എൻറെ അഭിപ്രായം. മയ്യേരി മുഹമ്മദ് സലിം എന്ന എൻറെ വ്യക്തിത്വം രൂപപ്പെടുത്തി എടുക്കുന്നതിൽ നാട്ടുകാർ സ്നേഹത്തോടെ അയമ്മുക്കാ എന്ന് വിളിക്കുന്ന എൻറെ വന്ദ്യ പിതാവ് മയ്യേരി അഹമ്മദ് സാഹിബിന്റെ പങ്ക് നിസ്തുലമാണ്. അത്തരം അനുഭവങ്ങളുടെ ഓർമയിൽ തെളിഞ്ഞുവരുന്ന ചിലത് നിങ്ങളുമായി പങ്കുവെക്കനാഗ്രഹിക്കുകയാണ്.

ചെറുപ്പകാലത്ത് ഉപ്പ എനിക്കൊരു പേടിസ്വപ്നമായിരുന്നു.  എനിക്ക് ഏകദേശം പതിനൊന്ന് വയസ്സ് പ്രായമുള്ളപ്പോൾ മദ്രസ്സയിൽ പഠിക്കുന്ന സമയം കുറച്ച് ക്യാഷ് ഒക്കെ സംഘടിപ്പിച്ച്   ഒരു ദിവസം ഞാനും കുഞ്ഞുമോൻ ഹാജിയുടെ മകൻ ജലീലും പുറത്തു ഹോട്ടലിൽ പോയി പൊറോട്ടയും ഇറച്ചിയും, കഴിക്കുന്നത് ഉപ്പ കണ്ടുവന്നു. എന്നെ വീട്ടിൽ വിളിച്ചുവരുത്തി ഒരുപാട് അടി തന്നു. അന്നെനിക്ക് ഉപ്പാനോട് തീരാത്ത വെറുപ്പാണ് തോന്നിയത്. പിന്നീട് കാലം അത് മായ്ചുകളഞ്ഞു. ഇന്ന് ഞാൻ മനസ്സിലാക്കുന്നു, മക്കളെ അതിയായി സ്നേഹിച്ചിരുന്ന ഒരു പിതാവിന്റെ രോഷ പ്രകടനമായിരുന്നു അത്. ഇന്ന് ഞാനും ഒരു പിതാവാണ്. മക്കളെ ഒരുപാട് സ്നേഹിക്കുന്ന പിതാവ്. അവർക്ക് ആവശ്യമുള്ളതെല്ലാം നൽകുന്നു. എന്നിട്ടും വേണ്ട താല്പര്യത്തോടെ കഴിക്കുന്നില്ലന്നറിഞ്ഞാൽ ഒരു പിതാവിനുണ്ടാകുന്ന വിഷമം മനസ്സിലാക്കാൻ എനിക്ക് യാതൊരു പ്രയാസവുമില്ല. അന്ന് ഉപ്പയിൽ നിന്ന് എനിക്ക് കിട്ടിയ അടിയുടെ വേദനയേക്കാൾ എത്രെയോ വലുതാണത്.

പാവപ്പെട്ടവരെയും പ്രയാസപ്പെടുന്നവരെയും സഹായിക്കുക എന്നത് ഉപ്പ ഏറ്റെടുത്ത ഒരു ജീവിത ദൌത്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. 1993ൽ മഹാരാഷ്ട്രയിലെ ലാത്തൂരിൽ അതിശക്തമായ ഭൂകന്പം ഉണ്ടാവുകയും ഒട്ടേറെ ആളുകൾ മരിക്കുകയും പതിനായിരക്കണക്കിന് അളുകൾ നിരാലംബരായി അഭയാർത്ഥി ക്യാന്പുകളിലേക്ക് മാറ്റപ്പെടുകയും ചെയ്ത സമയതത് നമ്മുടെ ഈ കൊച്ചു പ്രദേശത് നിന്ന് ആവശ്യമായ വസ്ത്രങ്ങളും മറ്റും ശേഖരിച്ച് അഭയാർത്ഥി ക്യാമ്പുകളിലെത്തിക്കാൻ ഉപ്പ കാണിച്ച തന്റേടവും മനസ്സിന്റെ ആർദ്രതയും എന്നെ പിന്നീട് അത്ഭുതപ്പെടുത്തി. അന്ന് ഉപ്പയെ യാത്രയാക്കാൻ പോലീസ് സ്റ്റേഷനിലും തുടർന്ന് മലപ്പുറം കലക്ടറേറ്റിലും പോയത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ആദ്യാനുഭവങ്ങളാണ്. അതുപോലെ മാറാട് കലാപകാലത്ത് വീടും സ്വത്തും നഷ്ട്ടപ്പെട്ടു അഭയാർഥി ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന നിരപരാധികൾക് ബിരിയാണി ഉണ്ടാക്കി ലോറിയിൽ കയറ്റിക്കൊണ്ടുപോയി ജാതി മത ഭേതമന്യേ വിളമ്പിയതും അന്നത്തെ കോഴിക്കോട് ജില്ലാ കലക്ടർ സൂരജ് സാറിന്റെ കൂടെ ഒന്നിച്ചിരുന്ന് ഞാനും ഉപ്പയും ബിരിയാണി കഴിച്ചതും ഇന്നലെ സംഭവിച്ച പോലെ ഇന്നും എന്റെ മനസ്സിൽ തെളിഞ്ഞ നിൽക്കുന്നു.

മലയാളത്തിലെ പത്രങ്ങളിൽ വന്ന വാർത്തകളിൽ നിന്ന് (വലുതായി കാണാൻ ക്ലിക്ക് ചെയ്യുക)

ഒരിക്കൽ ഉപ്പ മയ്യേരി അബ്ദുൽ ഖാദർ ഹാജിയുടെ പേരമകൻ സുഹൈലിന്റെ ചികിത്സയുമായി ബന്ധപെട്ടു ഡൽഹിയിൽ പോയിരുന്നു.  തിരിച്ചുവന്നു ഡൽഹിയിൽ കണ്ട കാഴ്ചകൾ എനിക്ക് വിവരിച്ചുതരികയുണ്ടായി. പിന്നീട് കുറെ വർഷങ്ങൾക്ക് ശേഷം ഞാൻ ഡൽഹിയിൽ പോയപ്പോൾ ഉപ്പ വിവരിച്ചുതന്നതിൽ കൂടുതലായി അവിടെ എനിക്കൊന്നും കാണാൻ കഴിഞ്ഞില്ല.

ബന്ധങ്ങൾ നിലനിർത്തുക എന്നത് ഉപ്പയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതായിരുന്നു. ഉപ്പയുടെ ഒരു അനിയൻ നാടുവിട്ടു പോയി യാതൊരു വിവരവുമില്ല ഒരുപാട് അന്വേഷിച്ചു. ഒടുവിൽ കുന്നംകുളത്തിനടുത് പഴുതന എന്ന സ്ഥലത്തുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ച പോവുകയും കണ്ടെത്തുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്‌തു കൊടുക്കുകയും ചെയ്‌തു. പിന്നീട് എന്നെയടക്കം എല്ലാവരെയും അവരുടെ അടുത്തേക് കൊണ്ടുപോകുകയും ബന്ധങ്ങളെക്കുറിച്ച ഓർമ്മപ്പെടുത്തുകയും ചെയ്‌തു. തുടർന്ന് എല്ലാ വർഷങ്ങളിലും ഉപ്പ മരിക്കുന്നതുവരെ അവർക്കുള്ള സഹായം തുടർന്നു. ഉപ്പയുടെ മരണശേഷം എനിക്കും മറ്റുള്ളവർക്കും സാധിക്കുന്നു എന്നത് ദൈവാനുഗ്രഹമായി കരുതുന്നു.

ഉപ്പയ്ക് ആരെയും ഭയമോ ആരോടും പ്രത്യേക വിധേയത്വമോ ഉണ്ടായിരുന്നില്ല. സമൂഹത്തിലെ ഉന്നതരായ പലരുമായിട്ട് ഉപ്പാക്ക് സുഹൃത്ബന്ധമുണ്ടായിരുന്നു. ഉപ്പയുടെ കൂടെ പല മഹാന്മാരുടെ അടുത്ത പോകാനും സംസാരിക്കാനും ആ കാലഘട്ടത്തിൽ തന്നെ എനിക്ക് ഭാഗ്യം ലഭിച്ചു. പാണക്കാട് ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്, ആസാദ് മൂപ്പൻ, ഐ.ജി, ഡി.വൈ.എസ്.പി, എം.എൽ.എ, കളക്ടര്മാര്, ജഡ്‌ജിമാർ എന്നിവരെയെല്ലാം ഞാൻ ആദ്യമായി പരിചയപ്പെടുന്നത് ഉപ്പയുടെ സഹചാരിയായിട്ടാണ്. പിന്നീട് പിൽകാലത്ത് ഉന്നതരുമായി ഇടപഴകാൻ ഇത് എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.

സ്ത്രീധനം വാങ്ങിയുള്ള വിവാഹത്തിൽ പാണക്കാട് ശിഹാബ് തങ്ങൾ പങ്കെടുക്കില്ല എന്ന ഉറപ്പ് തരുംവരെ തങ്ങളുടെ വീട്ടുപടിക്കൽ നിരാഹാരം കിടക്കുമെന്നും, തങ്ങൾ പിന്മാറാമെന്ന് ഉറപ്പ് നൽകിയാൽ തങ്ങളുടെ കാൽ കഴുകിയ വെള്ളം മലപ്പുറം ടൗണിൽ ജനമധ്യത്തിൽ വെച്ച കുടിക്കുമെന്ന് പറയുകയും ചെയ്‌തു. ഈ ഉറച്ച തീരുമാനത്തിൽ ഉപ്പയെ വളരെ പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്.

കില്ലാരിയിലെ ദുരിതാശ്വാസ ക്യാന്പിലെത്തിയ അയമുക്കയുടെ ജീപ്പിനെ പൊതിഞ്ഞ എല്ലാം നഷ്ടപെട്ട ഗ്രാമീണർ വസ്ത്രത്തിനായി പിടിവലി കൂടുന്നു.

കുറച്ച കാലം ഞാൻ പ്രവാസി ജീവിതം നയിക്കുകയുണ്ടായി. വളരെയധികം പ്രയാസങ്ങൾ ഈ കാലഘട്ടത്തിൽ അനുഭവിച്ചിരുന്നു. തുച്ഛമായ ശമ്പളവും ഇഷ്ടമില്ലാത്ത ജോലികളും എന്നെ മാനസികമായി തളർത്തി. നാട്ടിൽ ഉപ്പയുടെ കൂടെ ഹോട്ടൽ പ്രവർത്തനത്തിൽ സഹായിക്കുകയും ആവശ്യത്തിന് പണവും ഭക്ഷണവുമൊക്കെ ലഭിക്കുയും ചെയ്‌തിരുന്ന സമയത്താണ് ഞാൻ വിദേശത്തേക് പോകുന്നത്. ഒറ്റപ്പെട്ട സമയത്ത് നാട്ടിൽ ഉപ്പയുടെ കൂടെ നിന്നപ്പോൾ കിട്ടിയ സ്നേഹവും സുഖവും നഷ്ടപ്പെടുമ്പോൾ പലപ്പോഴും ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്. എന്റെ അവസ്ഥ മനസ്സിലാക്കിയ ഉപ്പ എന്നോട് നാട്ടിലേക്കു വരാൻ നിർദ്ദേശിക്കുകയും അതുമൂലമുണ്ടായിട്ടുള്ള കടം ഹോട്ടലിൽ നിന്ന് വീട്ടാം എന്ന് പറഞ്ഞ് കൂടെ നിർത്തുകയും ചെയ്തപ്പോൾ ഉപ്പാക്ക് എന്നോടുള്ള സ്നേഹത്തിന്റെ ആഴം എത്രായാണെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു

ഉപ്പ എന്നും നീതിയുടെ പക്ഷത്തായിരുന്നു. അനീതി ആരുടെ ഭാഗത്തു നിന്നുണ്ടായാലും അത് സഹിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അത് എത്ര ഉന്നതന്മാരായാലും സുഹൃത്തുക്കളായും ശരി. പോലീസ് സ്റ്റേഷനുമായും പോലീസ്‌കാരുമായും ഉപ്പയ്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്.

ഒരിക്കൽ പോലീസ് സ്റ്റേഷനിലേക് ചായ ആവശ്യപ്പെട്ടപ്പോൾ ജോലിക്കാരൻ പയ്യന്റെ കയ്യിൽ ചായ കൊടുത്തയച്ചു . ചായ ചൂട് കുറഞ്ഞതിൽ ദേഷ്യംപിടിച്ച പോലീസ്‌കാരൻ ആ ചായ പയ്യന്റെ മുഖത്തേക്കൊഴിച്ചു. കരഞ്ഞുകൊണ്ട് ഓടി വന്ന അവനിൽ നിന്നും വിവരം മനസ്സിലാക്കിയ ഉപ്പ ഒരു ചൂട് ചായ എടുപ്പിച്ചു അവനെയും കൊണ്ട് പോലീസ്‌ സ്റ്റേഷനിലേക്ക് പോവുകയും ആ പോലീസ്‌കാരന്റെ മുഖത്തേക്ക് അവനെ കൊണ്ട് ചായ ഒഴിപ്പിക്കുകയും ചെയ്‌തു. പിന്നീട് അതെ പോലീസ്‌കാർക്ക് വീട്ടിൽ വിരുന്നൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌ ഉപ്പ.

വിശന്നുവരുന്നവർക്ക്  ഭക്ഷണം നൽകാനും പ്രയാസപ്പെടുന്നവരെ സഹായിക്കാനും ഉപ്പ കാണിച്ചിരുന്ന  താല്പര്യവും ആവേശവും എനിക്ക് ഏറെ പ്രചോദനമായിട്ടുണ്ട്.

മുജാഹിദ് പ്രസ്ഥാനം രണ്ട് വിഭാഗമായി പിളരാൻ പോകുന്ന സമയത്ത് കോഴിക്കോട് മുജാഹിദ് സെന്ററിൽ പോയി വിനയത്തിന്റെ ഭാഷയിലും, അതിലേറെ സങ്കടത്തിന്രെയും ദേഷ്യത്തിന്റെയും ഭാഷയിലും അവിടെ ഉണ്ടായിരുന്ന എ.പി അബ്ദുൽ ഖാദർ മൗലവി, ടി.പി അബ്‌ദുല്ലക്കോയ മദനി, അലി അബ്‌ദുറസാഖ് മൗലവി എന്നിവരടങ്ങുന്ന സംഘത്തെ പോയി കണ്ടു രണ്ട് വിഭാഗം ആകരുത് എന്ന് ആപേക്ഷിക്കുകയും ആജ്ഞാപിക്കുകയും ചെയ്ത് തിരിച്ചിറങ്ങുന്പോൾ എന്തെങ്കിലും സംഭവിക്കുമോ എന്ന് കരുതി കൂടെ പോയ എനിക്കും മറ്റുള്ളവർക്കും അത് ദൂരെനിന്ന് നോക്കാനെ കഴിഞ്ഞൊള്ളു.  ഉപ്പ പുറത്തിറങ്ങിയതിന് ശേഷം  ഞങ്ങൾ മുജാഹിദ് സെന്ററിൽ പോയി എ.പി അബ്ദുൽ ഖാദർ മൗലവിയോട് സംസാരിച്ചപ്പോൾ “അത് എന്റെ അയമ്മുവിന്റെ വേദനയാണ്” എന്ന് മൗലവി പറഞ്ഞപ്പോൾ ഞങ്ങൾ തരിച്ചുപോയി. ആ കണ്ടത് ഉപ്പയ്ക് പ്രസ്ഥാനത്തോടുള്ള സ്നേഹം എത്ര വലുതായിരുന്നു എന്നതിന്റെ ചെറിയൊരു ഉദാഹരമാണ്.

വിശന്നുവരുന്നവർക്ക്  ഭക്ഷണം നൽകാനും പ്രയാസപ്പെടുന്നവരെ സഹായിക്കാനും ഉപ്പ കാണിച്ചിരുന്ന  താല്പര്യവും ആവേശവും എനിക്ക് ഏറെ പ്രചോദനമായിട്ടുണ്ട്.  ആ മാതൃക പിന്തുടരാൻ ഞാൻ ഇന്നും ശ്രമിച്ചു  കൊണ്ടിരിക്കുന്നു.

1985 ൽ  മഹാരാഷ്ട്രയിൽ  വെച്ചുണ്ടായ വാഹനാപകടത്തിൽ ആനപ്പടിക്കൽ  പീച്ചിമാസ്റ്ററുടെ  മകൻ  സലാം ഹാജിയും കൂട്ടുകാരും മരണപ്പെട്ട സമയത്ത്   സ്വന്തം  ജീപ്പിൽ  അത്രെയും  ദൂരംപോയി മയ്യിത്ത്  കുളിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്തതും, നാട്ടിൽ കൊണ്ടുവന്ന മറവ്  ചെയ്യുന്നവരെ  കൂടെ നിന്നതും ഇന്ന് ഓർക്കുമ്പോഴാണ് അന്ന് ചെയ്‌ത കാര്യങ്ങളുടെ  മഹത്വം മനസ്സിലാക്കാൻ സാധിക്കുന്നത്.

എന്റെ മകൾ നാഹിത ഒരു ജോലി നേടി ആദ്യ ശമ്പളം വലിയുപ്പയുടെ കയ്യിൽ തരണമെന്ന് ഉപ്പ പറഞ്ഞതും , അവളുടെ വിവാഹത്തിൽ പങ്കെടുക്കണമെന്നും ഉപ്പയുടെ വലിയ ആഗ്രമായിരുന്നു പക്ഷെ ..

മഹാരാഷ്ടയിലെ കില്ലാരിയിൽ ഭുകന്പം കാരണം വീടും സന്പാദ്യവും നഷ്ടമായവർക്ക് അയമുക്ക സഹായങ്ങൾ വിതരണം ചെയ്യുന്നു.

ഉപ്പയുടെ അവസാന ഘട്ടത്തിൽ മുഴുവൻ സമയവും കൂടെ തന്നെ ചിലവഴിക്കാൻ ഭാഗ്യം ലഭിച്ചു 68-)o വയസ്സിൽ 2008 ജൂൺ 26 പുലർച്ചെ 12:30 നായിരുന്നു ഉപ്പ മരണപ്പെടുന്നത്. മരണം മുൻകൂട്ടി അറിഞ്ഞത് പോലെ അന്ന് പകൽ മരണത്തെക്കുറിച്ചു ഒരുപാട് തവണ പറഞ്ഞിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്കു പോകും വഴി ഹോട്ടലിന്റെ മുന്നിൽ എത്തിയപ്പോൾ മകൻ സലീമിന്റെ കൈ പിടിച്ച് വണ്ടി നിർത്തിച്ചു ഹോട്ടലിലേക്കു അൽപനേരം നോക്കി. തന്റെ ജീവിതത്തിന്റെ ഭാഗമായ ഹോട്ടലിനോട് യാത്ര ചോദിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ആശുപത്രിയിൽ എത്തി വീൽചെയറുമായി വന്ന ആളോട് അത് വേണ്ടാന്നും സലിം എന്റെ കൈ പിടിക്ക് എന്ന് പറഞ്ഞു ആശുപത്രിയിലേക്ക് നടന്നു പോയി. മരണ സമയത്ത് കൂടെ നിൽക്കാനും അവസാന കുടിനീർ നല്കാൻ സാധിച്ചത് ഞാനും ഉപ്പയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഫലമാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.

ആ തണൽ എനിക്ക് നഷ്ടപ്പെട്ടു. ഞാൻ എത്ര വലുതായാലും ഉപ്പയെന്ന തണലിൽ കഴിയാനാണ് ഞാൻ ഇന്നും ആഗ്രഹിക്കുന്നത്. എന്റെ ജീവിതത്തിനു ദിശാബോധം ലഭിക്കാനും ഒരു മനുഷ്യനായി മാറാൻ എനിക്ക് സാധിച്ചതും ഉപ്പയുടെ കൂടെയുള്ള എന്റെ ജീവിതം കൊണ്ടാണ്. ഇനി മുന്നോട്ട് നയിക്കാൻ ആരുമില്ലെന്നാലും എത്ര കാലം ജീവിക്കേണ്ടി വന്നാലും ഒരു പുരുഷായുസ്സ് മുഴുവൻ ജീവിച്ചു തീർക്കാനുള്ള ജീവിത പാഠം പകർന്നുനൽകിയിട്ടാണ് എന്റെ ഉപ്പ വിടവാങ്ങിയത്.

ഉപ്പ നൽകിയ സ്നേഹത്തിനു പകരമായി തിരിച്ച നൽകാൻ എനിക്ക് സാധിച്ചോ എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു. ഏതു കാലത്തും അയമുക്കാന്രെ മോൻ എന്നറിയപ്പെടാനാണ് എനിക്ക് ആഗ്രഹം. അങ്ങനെയെങ്കിലും ആ ഉപ്പയുടെ സ്നേഹത്തണൽ പിന്തുടരാൻ എനിക്ക് സാധിക്കട്ടെ. നാഥാ… എന്നെയും എന്റെ പിതാവിനെയും ഇഹലോകത്തെന്നപോലെ പരലോകത്തും ഒന്നിക്കാൻ നീ അനുഗ്രഹിക്കണേ… ആമീൻ

വരന്പനാല സ്വദേശിയായ സലീം സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. 'വളവന്നൂർ പരസ്പര സഹായനിധി' വാട്സ്ആപ് കൂട്ടായ്മ പ്രസിഡന്ര് കൂടിയായ അദ്ദേഹം നാട്ടിൽ ബിസിനസ്സ് ചെയ്യുന്നു.