സമരം ശക്തമാവുന്നു: സി.പി.എം കല്പകഞ്ചേരി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

കൈക്കൂലി അരോപണവിധേയനായ കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ. കുഞ്ഞാപ്പു രാജിവെക്കണമെന്ന ആവശ്യവുമായി സി.പി.എം നടത്തുന്ന സമരം ശക്തമാവുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കല്പകഞ്ചേരി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. കൈക്കൂലി വാങ്ങുന്നത് വ്യക്തമായി തെളിഞ്ഞതിനാൽ പ്രസിഡന്റ് രാജിവെക്കും വരെ സമരമുഖത്തുണ്ടാവുമെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. പ്രസിഡന്റിന്റെ കൈക്കൂലി വിവാദത്തിൽ മുസ്ലിം ലീഗ് മൗനം വെടിയണമെന്നും പ്രസിഡന്റിനെ രാജിവെപ്പിക്കാൻ ആണത്തം കാട്ടണമെന്നും സി.പി.എം പറഞ്ഞു. ഉപരോധ സമരം സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഇ.ജയൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കോട്ടയിൽ ഷാജി അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി.പി.സക്കറിയ, വളാഞ്ചേരി ഏരിയാ സെക്രട്ടറി ശങ്കരൻ മാസ്റ്റർ, എൻ.പി. ലത്തീഫ്, സി.കെ. ബാവക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.